Wednesday, September 25, 2013

HOME MADE WINE


നാട്ടിൽ  നിന്നുംമാറി  ഒറ്റയ്ക്ക് നട്ടം തിരിഞ്ഞു ,ഇനി ഒരൽപം സ്നേഹവും ലാളനയും കിട്ടിയില്ലെങ്കിൽ എന്റെ ശ്വാസം എന്നെ വിട്ടു എന്നന്നേക്കുമായി പോകുമെന്ന അവസ്ഥയിൽ കൂടെ ജോലി ചെയ്യുന്ന  ജവഹറാണ് എന്നെ ആന്റിയുടെ അടുത്ത്  എത്തിച്ചത് .new generation കാലമായതു കൊണ്ട് എടുത്തു പറയട്ടെ ഈ ആന്റിക്ക് ഒരു എന്പതു വയസ്സിനടുത്ത് പ്രായമുണ്ട് .പഴയ ആട്യത്വ ത്തിന്റെ  എല്ലാ അടയാളങ്ങളും പേറുന്ന രൂപം .നമ്മുടെ നോക്കത്താ ദൂരത്തെ അമ്മച്ചിയെ പോലെ .മക്കള് ലണ്ടനിലും സ്വിറ്റ്സെർ ലണ്ടിലും  ഒക്കെയായി  യൂറോപ്യൻ യൂണിയനിൽ നിന്നും അരി വാങ്ങി പോരുന്നു .  അതിന്റേതായ അഹങ്കാരമോ അനാവശ്യ അഭിമാനമോ ഒന്നുമില്ലാതെ ആന്റി paying guest സംവിധാനത്തിലൂടെയും home made wine എന്ന വിഖ്യാത  ഉത്‌പന്നതിലൂടെയും പണ  സമ്പാദനം  നടത്തി ആരെയും ആശ്രയിക്കാതെ ആ വലിയ വീട്ടില് വേലക്കാരികളുമായി ഒരു രാജ്ഞിയേപ്പോലെ കഴിയുന്നു .ഞാൻ ചെന്നതും കുറേ നാളായി ആൾ താമസമില്ലാതെ പൊടി പിടിച്ചു കിടന്ന മുറി വൃത്തിയാക്കി എന്നെ  സ്വാഗതം ചെയ്തു .ഈ സ്വാഗതം എന്ന് പറയുമ്പോൾ ഒരു വൃത്തിക്ക് ഞാൻ അങ്ങ് തട്ടിയതാ കേട്ടോ .കാക്കതൊള്ളായിരം rules & regulations വാതോരാതെ  പറഞ്ഞു എന്നെ ശ്വാസം മുട്ടിച്ചപ്പോൾ ഞാൻ ഒരു ഗ്ലാസ്‌ വെള്ളം ആന്റിയോട്‌ ചോദിച്ചു .വെള്ളത്തോടൊപ്പം ഭംഗിയായി അലങ്കരിച്ച ഗ്ലാസിൽ എനിക്കൊരല്പ്പം ഹോം മെയിഡ്  വയിനും ആവശ്യമില്ലാത്ത ഒരു അഭിമാനഭാവത്തോടെ ആന്റി എനിക്ക് തന്നു .ഒരു സാമ്പിൾ സെയിൽ പോലെ :) !
വയിനിന്റെ ചെറിയ ലഹരിയിൽ പുതിയ മുറിയുടെ പഴയ മണം  നുകർന്ന് ഞാൻ ഉറങ്ങി .
                              ആ വലിയ വീട്ടില് എപ്പോഴും ഒരു നിശബ്ദതയാണ് .അതിനു യാതൊരു വിധത്തിലുള്ള ഭംഗവും  വരാൻ പാടില്ല .അതായത് ഞാൻ music ,സിനിമ ഇവയൊന്നും ഉച്ചത്തിൽ വെക്കാൻ പാടില്ല.മറ്റൊന്ന് പരമാവധി വൃത്തിയാണ് .അത് പിന്നെ എനിക്ക് ജന്മനാ ഉള്ളത് കൊണ്ട് അക്കാര്യത്തിൽ വല്യ കുഴപ്പമില്ല .പിന്നെ തരുന്ന ഫുഡ്‌ വേസ്റ്റ് ചെയ്യാൻ പാടില്ല .ഹോട്ടൽ ഫുഡ്‌ കഴിച്ചു അവസ്ഥയിലായ എനിക്കും എന്റെ വയറിനും ആന്റിയുടെ
 ഹോംലി  ഫുഡ്‌ വേസ്റ്റ് ആക്കാൻ ഒട്ടും പ്ലാൻ ഇല്ലായിരുന്നു. തുടർന്നുളള ദിവസങ്ങളിൽ ആന്റിയുടെ കല്പനകൾ ശിരസാവഹിച്ചും rules & regulations പരമാവധി ഫോളോ ചെയ്തും ഞാൻ അവരുടെ സ്മാർട്ട്‌ പേയിംഗ് ഗസ്റ്റ്  ആയി മാറി .അങ്ങനെ ഇരിക്കെയാണ് ഒരു മഴയുള്ള രാത്രി  അത് സംഭവിച്ചത് .വെള്ളമെടുക്കാനായി കിച്ചനിലേക്ക് പോയ ഞാൻ എനിക്കത്ര പരിചയമില്ലാത്ത ഒരു ഗന്ധത്തിൽ സ്റ്റക്ക് ആയി  . അടുക്കളയിൽ നിന്നും തുറക്കുന്ന സ്റ്റോർ റൂമിൽ  നിന്നാണ് ആ മണം വരുന്നത്.ആന്റിയും വേലക്കാരികളും ഏതോ സീരിയലിൽ മുഴുകി ശരീരം ഇവിടെയും മനസ്സ് ആരുടെയൊക്കെയോ കണ്ണീരിലും  മുക്കി വെച്ചത് കൊണ്ട് അവിടെ ഞാൻ ഒരു പരിശോധന നടത്തി .ഞെട്ടിക്കുന്ന വിവരങ്ങളിൽ ഞാൻ പിന്നെയും ഞെട്ടി നിന്നു !!!
                                                  **********
മഴ മാറി നേരം വെളുത്തു .ചായ തണുത്തുറഞ്ഞിരിക്കുന്നു. വെള്ളത്തുള്ളികൾ വീഴുന്ന ശബ്ദം കേൾക്കാം .എഴുന്നേറ്റ ഇരുപ്പിൽ തന്നെ കുറെ നേരം കടന്നു പോയി .അടുക്കളയില നിന്നും home made wine കുപ്പികൾ അടുക്കുന്ന ഞാൻ ശീലമായ  മറ്റൊരു  ശബ്ദം കൂടി കേൾ ക്കുന്നുണ്ട് .ഈ ഹോം മെയിഡ് വയിൻ  ഈ ദേശത്ത് പ്രസിദ്ധമാണ്.ഒരിക്കൽ ഒരു ഗാന്ധി ജയന്ധി ദിനത്തിൽ ബീവരെജിനു മുന്നില് സാധാരണ കാണുന്നതിനേക്കാൾ  അധികം Q ഞാൻ ഇവിടെ കണ്ടിട്ടുള്ളതാണ് .അന്ന് കാഷ്യർ ആയി എന്റെ എക്സ്ട്രാ സേവനം ആന്റി നിര്ബന്ധ പൂർവം വാങ്ങുകയും ചെയ്തിട്ടുണ്ട്.ഒന്നാം തിയതികളിലും ഗാന്ധി ജയന്ധി  ദിവസങ്ങളിലും ആ ദേശത്തെ കുടിയന്മാരെ ഒന്ന് മിന്നിച്ചു നിര്ത്തുക എന്ന വലിയ സാമൂഹിക സേവനം അങ്ങനെ ആന്റിയും ആന്റിയുടെ വയിനുകളും ചെയ്തു പോന്നു .രാവിലെ അന്തം വിട്ടു ആലോചിച്ചിരിക്കുമ്പോൾ അടുക്കളയില നിന്നും ആന്റിയുടെ വിളി വന്നു.
"മോനെ ...."- പുള്ളിക്കാരിക്കു ഒരുപാട് സന്തോഷമുള്ള പ്പോഴും എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യം ഉള്ളപ്പോഴും അങ്ങനെയാണ് വിളിക്കാറ് .ഏതു തരത്തിലായാലും ആ വിളി ഞാൻ enjoy ചെയ്തു പോന്നിരുന്നു .
"ഇന്നെന്റെ ബെർത്ത്‌ ടേയാ  dinner ഇവിടുന്നു കഴിക്കാം കേട്ടോ.."
"many many happy returns of the day ആന്റി ,അപ്പോ കേക്ക് കട്ടിംഗ് ഇല്ലേ ?"-ഞാൻ ചോദിച്ചു .

"എന്തോന്ന് കേക്ക് കട്ടിംഗ് മോനെ ! അതൊക്കെ അതിയാൻ ഉള്ള കാലത്തായിരുന്നല്ലോ .ഇപ്പൊ ഞാൻ ഒറ്റക്കല്ലേ .മക്കള് എന്ന് പറയുന്നവര് ഒരു  പേരിനല്ലേ ? ഇന്നൊന്നു വിളിക്കും .അത് തന്നെ സന്തോഷം !!"-

"അവരൊക്കെ അവരുടേതായ തിരക്കുകളിലല്ലേ ആന്റി .അതൊക്കെ പോട്ടെ ഇന്ന് രാത്രി നമുക്ക് അടിച്ചു പൊളിച്ചു കളയാം "-അവരുടെ മുഖത്ത്  ജന്മനാ ഉള്ള ഗൗ രവം അല്ലാണ്ട് ഞാൻ ഒന്നും കണ്ടില്ല !

                                           ***************

ഡിന്നെറിനു ആന്റി നല്ല കോഴിക്കറി വിളമ്പി .കുറച്ചു വയിനും. ചുരുക്കം ചില ദിവസങ്ങളിൽ ഞാൻ ഭക്ഷണത്തെ ആക്രമിച്ചു കഴിക്കും.ആന്റി അതങ്ങനെ നോക്കി രസിക്കും .അന്ന് ഗുഡ് നയിറ്റ് പറഞ്ഞു പിരിയുന്നതിനു മുൻപ് അങ്ങനെ ഒരാശയം അവതരിപ്പിക്കേണ്ടതില്ലായിരുന്നു എന്ന് പിന്നീടെനിക്ക് തോന്നി .ആന്റിയുമൊന്നിച്ചു ഞാൻ ഒരു കുപ്പി വയിൻ പൊട്ടിച്ചു .ഒന്ന് കഴിഞ്ഞപ്പോൾ പിന്നെ ഒന്ന് കൂടി .അതും കഴിഞ്ഞപ്പോൾ ഒന്ന് കൂടി .ആന്റി ഇത് എന്തൊരു കമത്തലാണ് .ഞാൻ അതങ്ങനെ നോക്കി ഇരുന്നു .ഹേ ...ഇടയ്ക്കു ഞാനും കുടിച്ചു കൊണ്ടേ ഇരുന്നു :).കുറച്ചു കഴിഞ്ഞപ്പോൾ ആന്റി രംഗം കയ്യിലെടുക്കാൻ തുടങ്ങി .
"മോനെ മോനൊരു കാര്യം മനസ്സിലാക്കണം "
"എന്ത് കാര്യം"
"ചെറ്റകളാന്നെ എല്ലാരും !!!!!"
"അപ്പൊ ഞാനും ???"
"ഏയ്‌ മോൻ ചെറ്റയല്ല .ഞാൻ എന്റെ മക്കളെ പറഞ്ഞതാ ."
"അല്ല ആന്റി ,ആന്റി അങ്ങനെ പറയാൻ പാടില്ല "-ഞാനും ഫുൾ ഫോമിലായിരുന്നു .
"ഞാൻ പറയും മോനെ ! ഇങ്ങനൊരു തള്ള ഇവിടുണ്ടെന്ന് വല്ല വിചാരവും ഉണ്ടോ അവര്ക്ക് .എനിക്ക് ഒരുത്തന്റെയും കാശ് വേണ്ട .ഞാൻ സുഖമായിട്ടു തന്നെ അദ്വാനിച്ച് ജീവിക്കുന്നുണ്ട് "-അതും പറഞ്ഞു ആന്റി ഒരു സിപ്‌ കൂടി അകത്താക്കി .
തൂവാനതുമ്പികളിലെ ഡേവിടേട്ടനെ പോലെ ഇതെന്താ കളി എന്നാ മട്ടില് ഞാൻ അങ്ങനെ നോക്കി ഇരുന്നു .പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് വലിയൊരു കൊസ്റ്റ്യൻ മാര്ക്ക് ആന്റി എന്റെ മുന്നിലേക്ക്‌ നീട്ടി എറിഞ്ഞു.
"മോനെ ..മോന് ഞാൻ എന്റെ സ്വത്തുക്കൾ എഴുതി തരട്ടെ ??????!!!!"
ആ കൊസ്റ്റ്യൻ മാര്ക്ക് എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു !
അത് ചോദിച്ചിട്ട് ആന്റി എന്റെ കയ്യില് പിടിച്ചു എന്നെ മുകളിലത്തെ നിലയിലേക്ക് കൊണ്ട് പോയി .എന്നിട്ട് അലമാര തുറന്നു ഒരു താക്കോൽ കൂട്ടം കയ്യിലെടുത്തു .ഗോവണിയിറങ്ങി പടിഞ്ഞാറേ അറ്റത്തുള്ള മുറിയിലെ ഭിത്തിയോട് ചേർത്ത് വാർത്ത് വെച്ച ഒരു ലോക്കെർ തുറന്നു .പ്രകാശം മിന്നി !! നിറയെ സ്വർണാഭരണങ്ങൾ .ഈ കൈവിട്ട കളിയിൽ ഞാൻ അങ്ങനെ അന്താളിച്ചു നിന്നു ..
"ഇനി ഇതൊക്കെ നിനക്കുള്ളതാ "-എന്റെ അന്താളിപ്പ് കൂടി .
കുറെ ഏറെ ആധാരങ്ങൾ എന്റെ മുന്നിലേക്ക്‌ ആന്റി വലിച്ചിട്ടു .ആന്റിയുടെ അതിയാൻ ആന്റിക്ക് എഴുതി വെച്ച സ്വത്തുക്കൾ . ഒരുമാതിരി ജോസ് പ്രകാശിന്റെ കൊള്ള സങ്കേതത്തിൽ അകപ്പെട്ട റാണി പദ്മിനിയുടെ അവസ്ഥയിലായി ഞാൻ .എൻറെ തലയുടെ ലഹരി ഇറങ്ങിയതു ഇതിലൊന്നുമല്ല .ആന്റിയുടെ മൂത്ത മോൻ ജോസൂട്ടിയുടെ ഒരു മൂന്നു കോടി രൂപയുടെ കള്ള പണം ഞാൻ കിടക്കുന്ന കട്ടിലിന്റെ അടിയിൽ പണിത രഹസ്യ  ലോക്കെറി ലാണെന്ന് അറിഞ്ഞപ്പോഴാണ് .

                                                  "ഇതൊക്കെ ഞാൻ മോന് തരും !!!! "

പിന്നെ ഒടുവിൽ അടുക്കളയിൽ വൈൻ കുപ്പികളുടെ മുന്നില് ആന്റി അണച്ച് നിന്നു.
"ഞാൻ ഒരു വലിയ രഹസ്യം മോനോട് പറയട്ടേ? ആരോടും പറയരുത് ,മനസ്സില് വെക്കണം"
അടുത്ത അമിട്ട് എന്താണാവോ എന്ന മട്ടില് ഞാൻ കാതോർത്തു  നിന്നു .ആന്റി അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിന്റെ വാതിൽ  തുറന്നു . ലൈറ്റ് ഇട്ടപ്പോൾ നിറയെ റം കുപ്പികൾ അടുക്കി വെച്ചിരിക്കുന്നു .സീൽ പൊട്ടിച്ചതും പോട്ടിക്കാത്തതും ഒക്കെ .
"എന്റെ വയിനിൽ ഞാൻ റം ചേർക്കുന്നുണ്ട് .അതല്ലേ ഈ ആളുകള് ഇങ്ങനെ ക്യൂ നിക്കുന്നത് "
ഇത്തവണ ഞാൻ ഞെട്ടിയില്ല .മഴയുള്ള രാത്രിയില് ആന്റി സീരിയലിൽ മുഴുകി ഇരുന്നപ്പോൾ ഞാൻ ഇതാണല്ലോ കണ്ടു പിടിച്ചത് !!
അന്ന് രാത്രി ആന്റി എപ്പോഴോ പോയി കിടന്നുറങ്ങി .ഒരു നല്ല ബർത്ത് ഡേ ആഘോഷിച്ചിട്ട് !!!
                                                                      ********************
രാവിലെ പതിവ് പോലെ തണുത്ത ചായയിലേക്കു ഞാൻ ഉണർന്നു .
എന്റെ താഴെ പെറ്റു പെരുകി കിടക്കുന്ന കള്ളപ്പണം !
ഈ വലിയ വീട്ടില് ഒറ്റയ്ക്ക് ആന്റി സൂക്ഷിക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തു !
ഞാൻ ഇവിടെ താമസിക്കേ ഏതെങ്കിലും ബണ്ടി ചോറ് ആന്റിയെ തട്ടി ഈ സ്വത്തു അപഹരിച്ചാൽ സംശയത്തിന്റെ കരാള ഹസ്തങ്ങൾ എന്നിലേക്കും നീളില്ലേ ???
താഴെ കിടക്കുന്ന കള്ളപ്പണം പിടിച്ചാല് ??
 ജവഹറേ  ...പണത്തിനു മുകളില് കിടന്നുറങ്ങാൻ ആണോ നീ എന്നെ ഇവിടെ കൊണ്ടാക്കിയത്‌ ??
ഇനി ഇന്നലെ പറഞ്ഞത് പോലെ നല്ല ബുദ്ധിക്കു സ്വത്തു എങ്ങാനം എനിക്ക്...!!!!????

ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പതിവ് പോലെ ആന്റി പിന്നിൽ നിന്നും വിളിച്ചു.
"അതേ  മോനെ ഇന്നലെ മോൻ  എടുത്ത ആ അഞ്ചു കുപ്പി വയിനിന്റെ  കാശേ വാടകേടെ കൂടെ ഇങ്ങു തന്നേക്കണേ ......കുട എടുത്തോണേ ...നല്ല മഴയുണ്ട് ..ചുമ്മാ പനിയും  പിടിച്ചു ഇവിടെ വന്നിട്ട് .........!!!!!!!"

ഞാൻ മിണ്ടാതെ കുട പിടിച്ചു നടന്നു :)


                                                                                                                        ശുഭം

                                                               *കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമാണ് :)

2 comments:

  1. "അതേ മോനെ ഇന്നലെ മോൻ എടുത്ത ആ അഞ്ചു കുപ്പി വയിനിന്റെ കാശേ വാടകേടെ കൂടെ ഇങ്ങു തന്നേക്കണേ ......കുട എടുത്തോണേ ...നല്ല മഴയുണ്ട് ..ചുമ്മാ പനിയും പിടിച്ചു ഇവിടെ വന്നിട്ട് .........!!!!!!!"

    EPIC!!! :D
    വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല! നന്നായിട്ടുണ്ട്ട്ടോ...:)

    ReplyDelete
  2. aakashatholam thannittu .............kashtam nalla kadha

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി